2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കൈകോർത്ത് ജി സുധാകരനും, കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്; 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എംഎൽഎ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 10:40 AM
പങ്കുവെക്കുക:
കൈകോർത്ത് ജി സുധാകരനും, കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്; 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എംഎൽഎ
കൈകോർത്ത് ജി സുധാകരനും, കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്; 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എംഎൽഎകേരളപ്രഭാതം

ജി. സുധാകരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ അനുമതിയായി. യാത്രാക്ലേശത്തിന് പരിഹാരമായി അഞ്ച് വർഷത്തിനിടെ ആകെ അഞ്ച് ബസുകൾ ലഭ്യമാക്കാനാണ് തീരുമാനം.

ആലപ്പുഴ: പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനും കെഎസ്ആർടിസിയുടെ ഫ്ലീറ്റ് വിപുലീകരിക്കുന്നതിനുമാണ് തുക അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ വർഷവും ഓരോ ബസ് വീതം ആകെ അഞ്ച് ബസുകൾ എം.എൽ.എ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭ്യമാക്കാനാണ് തീരുമാനം. നേരത്തെ എം.എൽ.എമാരായ കെ. പ്രവീൺ കുമാർ, മാണി സി. കാപ്പൻ എന്നിവരും കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചിരുന്നു.

ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി 45 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ഡിപ്പോയിൽ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടും വിധമായിരിക്കും സർവീസ് നടത്തുക. ആവശ്യാനുസരണം മറ്റ് ജില്ലകളിലേക്കും കെഎസ്ആർടിസി ഫ്ലീറ്റിന്റെ ഭാഗമായി സർവീസ് നടത്തുന്നതിന് ബസ് ഉപയോഗപ്പെടുത്താമെന്നും എം.എൽ.എ പറഞ്ഞു.

കെഎസ്ആർടിസി കടുത്ത സാമ്പത്തിക-പ്രവർത്തന പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ ജനപ്രതിനിധികൾ നേരിട്ട് പിന്തുണ നൽകുന്നത് ഏറെ പ്രസക്തമാണെന്ന് ജി. സുധാകരൻ ചൂണ്ടിക്കാട്ടി. നികുതിപ്പണത്തിൽ നിന്നുള്ള വികസന ഫണ്ട് ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന പദ്ധതികൾക്കായി വിനിയോഗിക്കുന്നതിന്റെ മാതൃകയാണിത്. പുതിയ ബസുകൾ വരുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുകയും പൊതുഗതാഗതത്തിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുകയും ചെയ്യും. റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതത്തിനും ടൂറിസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വികസന സമീപനമാണ് അമ്പലപ്പുഴയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)