പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ; മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കണ്ടെത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ ഡാൻസാഫ് സംഘം കഞ്ചാവുമായി പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് മോഷ്ടിച്ച രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ കേസ് പ്രതി പിടിയിൽ. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷിനെയാണ് (25) തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് സംഘവും അയിരൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്താന ഭാഗത്തുനിന്ന് രണ്ട് ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കല്ലമ്പലം പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രിയേഷ്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ച രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഈ ബൈക്കുകൾ മോഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് അയിരൂർ പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




