സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്ദനം; യുവാവ് അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരൂരിൽ സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെയും തടയാനെത്തിയ ആളെയും ആക്രമിച്ച കേസിൽ ഏഴൂർ സ്വദേശി അജിത്ത് (30) അറസ്റ്റിൽ. ലഹരിക്ക് അടിമയായ പ്രതിയുടെ പേരിൽ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ട്.
തിരൂർ: സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും തടയാനെത്തിയ ആളെ മർദിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. ഏഴൂർ പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്ത മറ്റൊരാളെയും ഇയാൾ ക്രൂരമായി മർദിച്ചു. ആക്രമണത്തിനിടയിൽ ഇവരുടെ ബൈക്കും തകർത്തു.
സ്ത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ ഇതിനുമുമ്പും നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഇയാളുടെ പെരുമാറ്റം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ അതുവഴി യാത്ര ചെയ്യുന്ന സ്ത്രീകളുടെ മുന്നിലേക്ക് ചാടിവീണ് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലഹരിക്ക് അടിമയായ വ്യക്തിയാണ് അജിത്ത് എന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ അനുഷ, പി. മിഥുൻ, നസീർ തിരൂർക്കാട്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശി, സിവിൽ പൊലീസ് ഓഫീസർമാരായ ആശിഷ്, ടോണി, അനന്തു, ദിൽജിത്ത്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




