'ഭർത്താവ് മരിച്ചു, ഒരു പ്രണയമുണ്ട്, പക്ഷെ....'; 60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മക്കളുടെ അവഗണനയും ഭർത്താവിന്റെ വിയോഗത്തിനുശേഷമുള്ള പ്രണയവും കാരണം മദ്യലഹരിയിൽ തിരുവല്ല കുറ്റൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച അറുപതുകാരിയെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ല: കുറ്റൂർ പാലത്തിൽ മദ്യലഹരിയിൽ ആറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച അറുപതുകാരിയെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് രക്ഷപ്പെടുത്തി. ഭർത്താവ് മരിച്ച തനിക്കൊരു പ്രണയമുണ്ടെന്നും, മക്കളുടെ ഭാഗത്തുനിന്നും കടുത്ത അവഗണന നേരിട്ടതിനാലാണ് കടുംകൈ ചെയ്തതെന്നും ഇവർ പോലീസിനോട് മൊഴി നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട തിരുവല്ല കുറ്റൂർ പാലത്തിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചാടാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ ഇവരെ തടയുകയും ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷും രണ്ട് വനിതാ സഹപ്രവർത്തകരും സ്ഥലത്തെത്തി അറുപതുകാരിയെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. തുടർന്ന് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, തന്നെ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോകരുതെന്ന് ഇവർ വാശിപിടിച്ചു.
തുടർന്ന് ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം പോലീസ് റിപ്പോർട്ട് വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തി ഡോക്ടർക്ക് റിപ്പോർട്ട് കൈമാറി. ഭർത്താവിന്റെ മരണശേഷവും തനിക്കൊരു പ്രണയമുണ്ടെന്നും, എന്നാൽ മക്കൾ നിരന്തരം അവഗണിക്കുന്നതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നും ഇവർ പോലീസിനോട് വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




