ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; കുട്ടികളെ ചുമതലപ്പെടുത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നിയോഗിക്കപ്പെട്ട കുട്ടികൾ ഒക്ടോബർ 17-ന് കെട്ടുനിറച്ച് ദർശനം നടത്തിയ ശേഷമായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക.
പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളെ ചുമതലപ്പെടുത്തി. കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് നറുക്കെടുപ്പിനായി ദേവനന്ദൻ അർജുനെയും അനശ്വര എം രഞ്ജിത്തിനെയും നിയോഗിച്ചത്. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവും റിട്ട. ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് കുട്ടികളെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കുന്നത് അനശ്വര എം രഞ്ജിത്താണ്. പന്തളം ശ്രാമ്പിക്കൽ കോട്ടാരത്തിലെ മൈഥിലി രാജയുടെയും രഞ്ജിത്ത് രാജയുടെയും മകളായ അനശ്വര, ഭാവൻസ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശബരിമല മേൽശാന്തിയെ നറുക്കെടുക്കുന്നത് ദേവനന്ദൻ അർജുനാണ്. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അർജുൻ വി.യുടെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ. വർമ്മയുടെയും മകനായ ദേവനന്ദൻ, തൃപ്പൂണിത്തുറ എസ്.എൻ.വി.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഒക്ടോബർ 17-ന് രാവിലെ തിരുവാഭരണ മാളികയ്ക്ക് മുൻപിൽ വെച്ച് കെട്ടുനിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കുട്ടികൾ സന്നിധാനത്തേക്ക് യാത്ര തിരിക്കും.




