കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; അശ്വതി അച്ചു പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആയൂരിൽ അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേറ്റ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അശ്വതി അച്ചുവിനെ തിരുവനന്തപുരത്ത് നിന്ന് ചടയമംഗലം പൊലീസ് പിടികൂടി. കേസിൽ ഒന്നാം പ്രതിയായ മകൾ അമൃത നേരത്തെ അറസ്റ്റിലായിരുന്നു.
കൊല്ലം: കൊല്ലം ആയൂരിൽ അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടാം പ്രതി അശ്വതി അച്ചു പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രമുഖരെ ഹണി ട്രാപ്പിൽ കുടുക്കിയ കേസുകളിലും പ്രതിയാണ് അശ്വതി അച്ചു. ഈ കേസിൽ ഒന്നാം പ്രതിയായ അശ്വതിയുടെ മകൾ അമൃത (18) നേരത്തെ അറസ്റ്റിലായിരുന്നു.
ഈ മാസം 26നാണ് ആയൂർ ഇടമുളക്കൽ സ്വദേശിനിയായ 61 കാരി രാധാമണിക്ക് ഗുരുതരമായി പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് കൊച്ചുമകൾ അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി നൽകിയ അശ്വതി, അത് രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അമൃതയുടെ മൊഴി. സംഭവത്തിന് ശേഷം രാത്രിയിൽ തന്നെ അമൃതയെ അശ്വതി ഭർത്താവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് പൊലീസ് അമൃതയെ പിടികൂടിയത്. പൊലീസുദ്യോഗസ്ഥരും മുൻ മന്ത്രിയും മുൻ എംഎൽഎയും അടക്കമുള്ള പ്രമുഖരെ ഹണി ട്രാപ്പിൽ കുടുക്കിയ കേസുകളിലെ പ്രതിയാണ് അശ്വതി അച്ചു എന്ന് പൊലീസ് വ്യക്തമാക്കി.




