അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പൊലീസ് സ്റ്റേഷൻ; ചാടിപ്പോയ പോക്സോ കേസ് പ്രതിയെ ഇതുവരെ പിടികൂടിയില്ല, അന്വേഷണം ഊർജ്ജിതമാക്കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പില്ലാത്തതിനാൽ നിലത്തുറപ്പിച്ച കമ്പി തകർത്ത് പോക്സോ കേസ് പ്രതി സജിത്ത് ചാടിപ്പോയി. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കി.
പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. നിരണം ഇരതോടു സ്വദേശിയായ സജിത്ത് ആണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ് വർഷങ്ങളായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാൽ ഉൾവശത്തെ മുറിയിൽ നിലത്ത് കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചിട്ടുള്ള കമ്പിയിലാണ് പ്രതികളെ കൈവിലങ്ങു ഘടിപ്പിച്ച് സൂക്ഷിക്കുന്നത്. ഈ കമ്പി തകർത്താണ് സജിത്ത് ചാടിപ്പോയത്. ശബ്ദം കേട്ട് പാറാവ് ഡ്യൂട്ടിക്കാരൻ പിന്നാലെ ഓടിയെങ്കിലും പ്രതി ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു.
സ്റ്റേഷന് അല്പം അകലെയുള്ള നദീതീരത്ത് കെട്ടിയിട്ടിരുന്ന വള്ളം കാണാതായിട്ടുണ്ട്. ഈ വള്ളത്തിൽ കയറി പ്രതി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ ഭാര്യവീട് കണ്ണൂരിലായതിനാൽ ആ റൂട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തെരച്ചിലിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.
കുറ്റവാളികളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥ ഇതിലൂടെ വീണ്ടും ഗൗരവകരമായി ചർച്ചയാവുകയാണ്. സ്റ്റേഷനായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.




