48 വർഷത്തിനിടെ ആദ്യം, നെതർലൻഡ്സ് ഫുട്ബോള് ടീം പരിശീലകനായി ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസ്

ആംസ്റ്റർഡാം: സ്പാനിഷ് ഇതിഹാസവും മുൻ ബാഴ്സലോണ മാനേജറുമായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സ് ദേശീയ ഫുട്ബോള് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. 48 വര്ഷമായി സ്വദേശി പരിശീലകരെ മാത്രം ചുമതലയേൽപ്പിച്ചിരുന്ന ഡച്ച് ബെഞ്ചിലേക്ക് എത്തുന്ന ആദ്യ വിദേശ പരിശീലകനാണ് 46-കാരനായ സാവി. 1978-ൽ ഓസ്ട്രിയൻ പരിശീലകൻ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശി ഡച്ച് ടീമിന്റെ അമരത്തെത്തുന്നത്.
2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32-ൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ മുൻ പരിശീലകൻ റൊണാൾഡ് കൂമാൻ രാജി വെച്ചിരുന്നു. തുടർന്നാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ 2030 ലോകകപ്പ് വരെയുള്ള കരാറിൽ സാവിയെ പരിശീലക ചുമതലയേൽപ്പിച്ചത്. സെപ്റ്റംബർ 24-ന് നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ജർമ്മനിക്കെതിരെയാണ് സാവിക്ക് കീഴിൽ ഡച്ച് പട ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.
കൂമാന്റെ പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങളിൽ നിന്ന് മാറി, പന്തിൻമേൽ ആധിപത്യം സ്ഥാപിക്കുന്ന ആക്രമണ ശൈലിയിലേക്ക് ടീമിനെ മാറ്റുകയാണ് സാവിയുടെ ലക്ഷ്യം. യോഹാൻ ക്രൈഫിന്റെ ഡച്ച് ഫുട്ബോൾ തത്ത്വചിന്തകളുടെ കടുത്ത ആരാധകനായ സാവി, കളിക്കാരനെന്ന നിലയിൽ ബാഴ്സലോണയ്ക്കും സ്പെയിനിനുമായി ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി പ്രമുഖ കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഖത്തർ ക്ലബ്ബായ അൽ സദ്ദിലൂടെ പരിശീലക കരിയർ ആരംഭിച്ച സാവി ടീമിന് ഏഴ് കിരീടങ്ങൾ സമ്മാനിച്ചു. തുടർന്ന് 2021-ൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാഴ്സലോണയുടെ ചുമതലയേറ്റെടുത്ത് 2022-23 സീസണിൽ ടീമിനെ ലാ ലിഗ ചാമ്പ്യന്മാരാക്കി. പെഡ്രി, ഗാവി, ലാമിൻ യമാൽ തുടങ്ങിയ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സാവി, 2024-ൽ ബാഴ്സ വിട്ട ശേഷം ആദ്യമായാണ് വീണ്ടും ഒരു ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
