മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടുദിവസമായി മാറിനിന്ന മഴയാണ് ഇന്ന് മുതൽ വീണ്ടും ശക്തിപ്രാപിക്കുന്നത്.
തീരദേശത്ത് കള്ളക്കടൽ ജാഗ്രത
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളത്. ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്.
അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
