12-കാരനെതിരായ ക്രൂരമർദനം: പോലീസിന് ഗുരുതര വീഴ്ചയെന്ന് സിഡബ്ല്യുസി.
12-കാരനെതിരായ ക്രൂരമർദനം: പോലീസിന് ഗുരുതര വീഴ്ചയെന്ന് സിഡബ്ല്യുസി; കേസ് എടുത്തത് ദിവസങ്ങൾക്ക് ശേഷം

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). പ്രധാനാധ്യാപകൻ നേരിട്ടെത്തി പരാതി നൽകിയിട്ടും വിഷയം ഗൗരവത്തിലെടുക്കാനോ കൃത്യസമയത്ത് അന്വേഷണം നടത്താനോ പോലീസ് തയാറായില്ലെന്ന് സിഡബ്ല്യുസി വ്യക്തമാക്കി.
ഈ മാസം 6-ന് നടന്ന അക്രമസംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. വാച്ച് കാണാതായതിനെ തുടർന്ന് കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയുമായിരുന്നു. അന്ന് രാത്രി വീട്ടിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരനാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ പരാതിയില്ലെന്ന കാരണം പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പോലീസ്, പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾക്കൊപ്പം കുട്ടിയെ തിരിച്ചയക്കുകയാണുണ്ടായത്.
തുടർന്ന് ശരീരത്തിലെ മർദനമേറ്റ പാടുകൾ കണ്ട് വിവരമറിഞ്ഞ സ്കൂൾ പ്രധാനാധ്യാപകൻ പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി നേരിട്ട് ഇടപെട്ട് നിർദേശം നൽകിയതോടെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറായത്.
സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മോഷ്ടിക്കപ്പെട്ടെന്ന് ആരോപിച്ച് കുട്ടിയെ മർദിക്കാൻ കാരണമായ വാച്ച് പിന്നീട് വീട്ടിൽനിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.
