പരിപാടികൾ തടസ്സപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം; നിയമനടപടിയുമായി റാപ്പർ വേടൻ.

ആലുവ: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റാപ്പർ വേടൻ സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറൽ സൈബർ പോലീസിനും പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങാൻ ഒരുങ്ങുന്നു എന്നതുൾപ്പെടെയുള്ള വിചിത്രവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
തന്റെ സംഗീത പരിപാടികൾ സജീവമാകുന്ന സമയങ്ങൾ ലക്ഷ്യമിട്ടാണ് ബോധപൂർവം ഇത്തരം വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നും വേടൻ ചൂണ്ടിക്കാട്ടി. വിപിൻ വിജയൻ, അശോക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഈ സൈബർ ആക്രമണം നടക്കുന്നത്. ഈ അക്കൗണ്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
