സ്പെയ്നിനെതിരായ തോല്‍വി; വിരമിക്കാനൊരുങ്ങി അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി അർജന്റീനയുടെ വിശ്വസ്ത കാവലാൾ എമിലിയാനോ മാർട്ടിനസ്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അർജന്റൈൻ ആരാധകരെ നിരാശയിലാഴ്ത്തുന്ന താരം പ്രതികരണം നടത്തിയത്.
അർജന്റീന വീണ്ടും ലോകകിരീടം ചൂടുമെന്നാണ് താൻ സ്വപ്നം കണ്ടതെന്നും ഫൈനലിലെ തോൽവിയുണ്ടാക്കിയ വേദന വാക്കുകൾക്ക് അതീതമാണെന്നും 33കാരനായ താരം കുറിച്ചു.
“ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദേശീയ ജഴ്സി അഴിച്ച് മാറ്റേണ്ട സമയമാണെങ്കിൽ പ്രിയപ്പെട്ട ആരാധകർ ക്ഷമിക്കണം. അർജന്റീനയെയും സഹതാരങ്ങളെയും പരമാവധി സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.” — എമിലിയാനോ മാർട്ടിനസ്
കിരീടപ്പോരാട്ടത്തിൽ ഫെറാൻ ടോറസിന്റെ ഏക ഗോളിലാണ് അർജന്റീന വീണതെങ്കിലും എമിലിയാനോ മാർട്ടിനസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 11 തകർപ്പൻ സേവുകളാണ് എമി നടത്തിയത്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും ഉയർന്ന സേവുകളിലൊന്നാണിത്.
2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ അർജന്റീനയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് എമി. 2022 ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ ഫിഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. അർജന്റീനക്കായി 67 മത്സരങ്ങളിൽ ഗോൾവല കാത്ത താരം നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ താരമാണ്.
