പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; യു.എ.ഇയിൽ 16 കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പാസ്പോർട്ട് പുതുക്കൽ, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ലഭ്യമാകും. അൽഹിന്ദിന്റെ പുതിയ സേവന കേന്ദ്രങ്ങൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങിയതോടെയാണ് കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് സേവനങ്ങൾ ഏറ്റെടുത്തത്. സേവനങ്ങൾ എംബസിയും കോൺസുലേറ്റും നേരിട്ട് നൽകിയതിനെ തുടർന്നുണ്ടായ വൻ തിരക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇതോടെ പരിഹാരമാകും.
അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈ കോൺസുലേറ്റിലും ഇനി മുതൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കില്ല. പകരം നിശ്ചിത ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ’ (ICAC) സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്പോയിന്റ്മെന്റും സമയക്രമവും
സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് മണി വരെ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകും.
കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ്. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.
വാക്ക്-ഇൻ സേവനങ്ങൾ ആർക്കൊക്കെ?
തത്കാൽ പാസ്പോർട്ട് അപേക്ഷകൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തി സേവനം കൈപ്പറ്റാം.
16 സേവന കേന്ദ്രങ്ങൾ
ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് ഒരുക്കിയിരിക്കുന്നത്.
- അബൂദബി (6 കേന്ദ്രങ്ങൾ): അൽ ദാന, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.
- ദുബൈ (2 കേന്ദ്രങ്ങൾ): ബർ ദുബായിലെ യു.ഡബ്ല്യു മാളിൽ 45 കൗണ്ടറുകളുള്ള പ്രധാന കേന്ദ്രം, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്.
- ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റൊള.
- വടക്കൻ എമിറേറ്റുകൾ (6 കേന്ദ്രങ്ങൾ): അജ്മാൻ (അൽ ജുർഫ്), ഫുജൈറ (അൽ ഫസീൽ), ഉമ്മുൽ ഖുവൈൻ (അൽ റംല), ഖോർഫക്കാൻ (ഷെയ്ഖ് ഖാലിദ് റോഡ്), കൽബ (ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്), റാസൽഖൈമ (അൽ മമൂറ റോഡ്).
നിരക്കുകൾ
ജൂലൈ ഒന്ന് മുതൽ പുതുക്കിയ പാസ്പോർട്ട് സേവന നിരക്കാണ് ഈടാക്കുക. 36 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് – 450 ദിർഹം, തത്കാൽ – 900 ദിർഹം. 60 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് – 630 ദിർഹം, തത്കാൽ – 1,080 ദിർഹം. സർക്കാർ നിരക്കിന് പുറമെ ഫോട്ടോകോപ്പി, ഫോട്ടോ സേവനങ്ങൾ എന്നിവ ഉൾപ്പെടെ 19 ദിർഹം സർവീസ് ചാർജ് അൽഹിന്ദ് അധികമായി ഈടാക്കും.
സുപ്രീം കോടതി നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നത് വരെ പ്രവാസികൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാനാണ് താൽകാലികമായി അൽഹിന്ദിന് അനുമതി നൽകിയിരിക്കുന്നത്.
