സൂരി- മഹിമ നമ്പ്യാർ ചിത്രം; ‘മണ്ടാടി’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്

ചെന്നൈ: തമിഴ് നടൻ സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മണ്ടാടി’ക്ക് സെൻസർ ബോർഡിന്റെ യു.എ (UA) സർട്ടിഫിക്കറ്റ്. ചിത്രം സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി.
കടലോര പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷൻ ഡ്രാമയായ ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന പരമ്പരാഗത സെയിലിങ് ബോട്ട് മത്സരവും അതിൽ പങ്കാളികളാകുന്ന മത്സ്യബന്ധന സംഘത്തിന്റെ കഥയുമാണ് ചിത്രം പറയുന്നത്. സംഘത്തലവനായ ‘മണ്ടാടി’ എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. തെലുങ്ക് താരം സുഹാസ് വില്ലൻ വേഷത്തിലെത്തുമ്പോൾ സത്യരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ആർ.എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ വെട്രിമാരനാണ്.
ദേശീയ അവാർഡ് ജേതാവ് ജി.വി പ്രകാശ് കുമാർ സംഗീതവും എസ്.ആർ കതിർ ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രദീപ് ഇ രാഘവാണ് എഡിറ്റർ. പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
