പരീക്ഷയ്ക്കിടെ വൈദ്യുതി തടസം, രാജ്യവ്യാപകമായി നടന്ന പരീക്ഷ എഴുതാതെ 49 വിദ്യാർഥികൾ; ഖേദം പ്രകടിപ്പിച്ച് എൻടിഎ

ജയ്പൂർ: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രാജ്യവ്യാപകമായി നടത്തിയ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റിനിടെ (എ.ഐ.എ.പി.ജി.ഇ.ടി -2026) വൈദ്യുതി മുടങ്ങി. ജയ്പൂരിലെ പരീക്ഷാ കേന്ദ്രത്തിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് 49 വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാനായില്ല. സംഭവത്തിൽ എൻ.ടി.എ ഖേദം പ്രകടിപ്പിച്ചു.
രാജ്യത്തെ 200 കേന്ദ്രങ്ങളിലായി 35,837 ഉദ്യോഗാർഥികൾ ആദ്യ ഷിഫ്റ്റിൽ പരീക്ഷ എഴുതിയപ്പോഴാണ് ജയ്പൂർ ശ്രീ സത്യസായി പി.ജി കോളജിലെ കേന്ദ്രത്തിൽ തടസ്സം നേരിട്ടത്. ഇവിടെ ഓൺ ലൈനായി പരീക്ഷ എഴുതിയ 192 ഉദ്യോഗാർഥികളിൽ 49 പേരുടെ പരീക്ഷയാണ് മുടങ്ങിയത്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ‘എഡ്യൂക്വിറ്റി കരിയർ ടെക്നോളജീസ്’ എന്ന ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക വീഴ്ചയിലാണ് അധികൃതർ ഖേദം പ്രകടിപ്പിച്ചത്.
രാവിലെ 10 മണിക്ക് ആദ്യ ഷിഫ്റ്റ് ಆರಂಭിച്ച് മിനിറ്റുകൾക്കകം (10.15) വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള രണ്ടാം ഷിഫ്റ്റിലും തടസ്സം പരിഹരിക്കാനായില്ല. ഇതോടെ മണിക്കൂറുകളോളം ഉദ്യോഗാർഥികൾ കേന്ദ്രത്തിന് പുറത്ത് കാത്തുനിൽക്കേണ്ടിവന്നു.
പരീക്ഷ തടസ്സപ്പെട്ട 49 പേർക്കായി സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് പുനഃപരീക്ഷ നടത്തുമെന്ന് എൻ.ടി.എ അറിയിച്ചു. ഇവർക്കുള്ള പുതുക്കിയ അഡ്മിറ്റ് കാർഡുകൾ ഉടൻ വിതരണം ചെയ്യും. സംശയങ്ങൾക്ക് എൻ.ടി.എ ഹെൽപ്ലൈൻ നമ്പറുകളിലോ aiapget@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
