അഖിലിന്റെ വീട്ടിൽ നിന്ന് ഒളിച്ചോടിയത് തന്നെ; ഞാൻ ഇപ്പോൾ അനൂപിന്റെ കൂടെ, ഇറങ്ങി വന്നതിനു കാരണമുണ്ട്: മേഘ നായർ

കൊച്ചി: സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളിലും പ്രചാരണങ്ങളിലും പ്രതികരണവുമായി നടനും ഇൻഫ്ലുവൻസറുമായ അഖിൽ എൻ.ആർ.ഡിയുടെ ഭാര്യ മേഘ നായർ. ഭർത്താവിന്റെ വീട്ടിൽനിന്ന് മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോന്നതാണെന്ന വാർത്തകൾ സത്യമാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മേഘ സ്ഥിരീകരിച്ചു. നിലവിൽ അനൂപ് എന്നയാളുടെ കൂടെയാണ് ഉള്ളതെന്നും ഇതിനുപിന്നിൽ പുറത്തുപറയാനാകാത്ത മറ്റ് ചില കാരണങ്ങളുണ്ടെന്നും മേഘ വ്യക്തമാക്കി.
അളവറ്റ സ്വർണാഭരണങ്ങളും മറ്റ് വസ്തുവകകളും കവർന്നാണ് പോയതെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മേഘ കുറിച്ചു. ആരുടെയും ഒരു സാധനവും താൻ എടുത്തിട്ടില്ലെന്നും സ്വന്തം വസ്തുവകകൾ മാത്രമാണ് കൈവശമുള്ളതെന്നും അവർ വ്യക്തമാക്കി.
‘‘ഇറങ്ങിപ്പോന്നു എന്നത് സത്യമാണ്. കഴിഞ്ഞ 10 ദിവസമായി അനൂപിന്റെ കൂടെത്തന്നെയാണ് ഉള്ളത്. ഇതിനിടയിൽ അച്ഛനെ കാണാൻ സ്വന്തം വീട്ടിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വീണ്ടും അനൂപിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒരാളുടെ കൂടെ ഇറങ്ങി വന്നത് പിന്നീട് അയാളെ ഉപേക്ഷിച്ചു പോകാനല്ല. വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്, എന്നാൽ അത് പൊതുമധ്യത്തിൽ തുറന്നുപറയാൻ താല്പര്യമില്ല. പരസ്പരം കുറ്റങ്ങൾ ഉന്നയിക്കില്ലെന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്. സംഭവത്തിൽ തങ്ങളാരും നേരിട്ട് പ്രതികരിച്ചിട്ടില്ലെന്നും സുഹൃത്തുക്കളെന്ന പേരിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും’’ മേഘ കൂട്ടിച്ചേർത്തു.
കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടർക്കൊപ്പം മേഘ ഒളിച്ചോടിയെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. അർദ്ധരാത്രിയിൽ വീടുവിട്ടിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. 2024-ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. നിലവിൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
