വീണയ്ക്കെതിരെ ഫെമ കേസിനും സാധ്യത; റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും അന്വേഷണം.

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരവും നടപടികൾക്ക് സാധ്യത. വീണയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതായാണ് വിവരം. മെയ് 27-ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിലാണ് ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകളുടെ അടിസ്ഥാനത്തിൽ, തുക ആർക്കാണ് അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് വിനിയോഗിച്ചതെന്നും വ്യക്തത വരുത്താൻ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും. അതോടൊപ്പം, മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഈ പണം എത്തിയതായി അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്.
റിയാസിന്റെ സുഹൃത്തും പാർട്ടി പ്രവർത്തകനുമായ നന്ദുലാലിന്റെ പേരിൽ എടുത്ത സിം കാർഡ് ഇന്റർനെറ്റ് കോളിംഗിനായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തലുണ്ട്. റിയാസും വീണയും ആവശ്യപ്പെട്ടതനുസരിച്ചാണ് സിം എടുത്തുനൽകിയതെന്ന് നന്ദുലാൽ മൊഴി നൽകിയതായാണ് സൂചന. ‘സൊളാസ്’ എന്ന സ്ഥാപനം വഴിയാണ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സാമ്പത്തിക സഹായം എത്തിയതെന്നാണ് ഇ.ഡി സംശയിക്കുന്നത്.
അതേസമയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തലുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കമാണിതെന്ന് വ്യക്തമാക്കുന്ന പാർട്ടി, വിഷയത്തിൽ ജനവികാരം രൂപപ്പെടുത്താൻ ഞായറാഴ്ച കോഴിക്കോട്ട് വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും.
