ബസ് വഴിമാറി ഓടി, വിമാനം മിസ്സായി; യാത്രക്കാരന് 73,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
വിമാനയാത്ര ലക്ഷ്യമിട്ട് ബസിൽ കയറുന്ന ഏതൊരാളും ആദ്യം ചോദിക്കുന്നത് കൃത്യസമയത്ത് എത്തുമോ എന്നായിരിക്കും. എന്നാൽ, എത്തേണ്ട സമയത്തേക്കാൾ ആറ് മണിക്കൂർ വൈകിയാണ് ആ ബസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതെങ്കിലോ?

അമരാവതി: ബസ് വഴിമാറി സഞ്ചരിച്ച് ആറ് മണിക്കൂറോളം വൈകിയതിനെത്തുടർന്ന് വിമാനം നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് 73,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി. ഗ്രീൻലൈൻ ട്രാവൽസ് എന്ന സ്വകാര്യ ബസ് കമ്പനിക്കെതിരെയാണ് നടപടി.
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ എം.ഫിൽ പ്രവേശനത്തിനായി യാത്ര തിരിച്ച ആഡോണി സ്വദേശിയായ വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 2025 ഒക്ടോബർ 26-ന് രാവിലെ 10:50-ന് ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. ഇതിനായി ഒക്ടോബർ 25-ന് രാത്രി 11:15-ന് ആഡോണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ അഞ്ചുമണിക്ക് ബെംഗളൂരു എയർപോർട്ടിന് സമീപമുള്ള ദേവനഹള്ളിയിലെത്തുന്ന ഗ്രീൻലൈൻ ബസിൽ ടിക്കറ്റും ബുക്ക് ചെയ്തു.
എന്നാൽ, യാത്രയ്ക്കിടെ ബസ് മുൻകൂട്ടി നിശ്ചയിച്ച റൂട്ട് മാറ്റി സഞ്ചരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് എത്തേണ്ട ബസ് രാവിലെ ഒൻപത് മണിയായിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഒടുവിൽ വിമാനം പുറപ്പെടുന്ന സമയം കഴിഞ്ഞ്, രാവിലെ 11:30-നാണ് ബസ് ദേവനഹള്ളി ടോൾ പ്ലാസയിൽ എത്തിയത്. ഇതോടെ വിദ്യാർത്ഥിക്ക് വിമാനം നഷ്ടമായി.
തുടർന്ന് അന്ന് വൈകുന്നേരം 7:30-നുള്ള മറ്റൊരു വിമാനത്തിൽ അധിക തുക നൽകി ടിക്കറ്റെടുത്ത് അടുത്ത ദിവസം പുലർച്ചെ രണ്ടു മണിക്കാണ് വിദ്യാർത്ഥിക്ക് ഡൽഹിയിലെത്താൻ സാധിച്ചത്. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു.
തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രാവൽസ് അധികൃതർക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് വിദ്യാർത്ഥി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പ്രവർത്തനപരമായ ആവശ്യങ്ങൾക്കായി റൂട്ടും സമയക്രമവും മാറ്റാൻ വ്യവസ്ഥകളുണ്ടെന്ന ട്രാവൽസ് കമ്പനിയുടെ വാദം തള്ളിയ കമ്മീഷൻ, സേവനത്തിലെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാർത്ഥിക്ക് നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചിലവും ഉൾപ്പെടെ 73,000 രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു.
