ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പുപൊടി കലർന്നു; 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ.
സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പുപൊടി ചേർത്തതായി പരാതി; ബിഹാറിൽ 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നളന്ദ: സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ സോപ്പുപൊടി ചേർത്തതിനെ തുടർന്ന് ബിഹാറിൽ 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. നളന്ദയിലെ നൂർസരായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറാസി മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
അടുക്കളയിൽ ഉപ്പും വാഷിംഗ് പൗഡറും ഒരേ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. പാചകക്കാരൻ ഉപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണത്തിൽ സോപ്പുപൊടി ചേർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ ഭക്ഷണം കഴിച്ചതോടെ തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട 36 പെൺകുട്ടികളെ ഉടൻതന്നെ ബിഹാർ ഷെരീഫ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിശ്ചിത മെനു പ്രകാരം ഒരു എൻജിഒയാണ് സോയാബീൻ കറിയുൾപ്പെടെയുള്ള ഭക്ഷണം വിതരണം ചെയ്തതെന്ന് സ്കൂൾ പ്രിൻസിപ്പൽ ശൈലേന്ദ്ര കുമാർ സിംഗ് വ്യക്തമാക്കി. ഭക്ഷണത്തിന് ഉപ്പില്ലെന്ന് ചില കുട്ടികൾ പരാതിപ്പെട്ടിരുന്നുവെങ്കിലും ഭൂരിഭാഗം പേരും ഭക്ഷണം കഴിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
