ടി20 ലോകകപ്പ് യോഗ്യതാ മത്സരം, പോർച്ചുഗൽ ക്യാപ്റ്റനായി മുൻ ഓസീസ് താരം മോയിസസ് ഹെൻറിക്വസ്

ലിസ്ബൺ: 2028 ടി20 ലോകകപ്പിനായുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ക്രിക്കറ്റ് ടീമിനെ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസ് നയിക്കും. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച 39-കാരനായ ഹെൻറിക്വസ് പോർച്ചുഗീസ് വംശജൻ കൂടിയാണ്.
ഓസ്ട്രേലിയക്കായി 4 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും 24 ടി20 മത്സരങ്ങളിലും പാഡണിഞ്ഞിട്ടുള്ള താരമാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായും കളിച്ചിട്ടുണ്ട്. 300-ലധികം ടി20 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് താരം പോർച്ചുഗലിന്റെ നായകക്കുപ്പായമണിയുന്നത്.
യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ ഗ്രൂപ്പ് ബിയിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ, ജർമ്മനി, ഗ്രീസ്, ചെക്കിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓഗസ്റ്റ് 14-ന് ഇസ്രായേലിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ പോരാട്ടം.
ഗ്രൂപ്പ് ബിയിലെ വിജയികൾ ഗ്രൂപ്പ് എ വിജയികളുമായി ഓഗസ്റ്റ് 21-ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന ടീം സ്കോട്ട്ലൻഡും ഡെൻമാർക്കും ഉൾപ്പെടുന്ന യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് യോഗ്യത നേടും.
ഐസിസി ടി20 റാങ്കിംഗിൽ നിലവിൽ 37-ാം സ്ഥാനത്തുള്ള പോർച്ചുഗലിന് ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിലേക്ക് വഴിതുറക്കുക എന്ന വലിയ ദൗത്യമാണ് ഹെൻറിക്വസിന് മുന്നിലുള്ളത്. ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് 2028 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
