ഗ്രൗണ്ടിലെ അതിക്രമം; അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

സൂറിച്ച്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അർജന്റീന കളിക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി ഫിഫ അച്ചടക്ക സമിതി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
ഫൈനൽ മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ഇരുടീമുകളിലെയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. വിജയാഘോഷത്തിലായിരുന്ന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ അർജന്റീനൻ താരം നഹുവൽ മൊളീന ഇടിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് ചോദ്യം ചെയ്ത് മറ്റ് സ്പാനിഷ് താരങ്ങൾ എത്തിയതോടെ കളിക്കളത്തിൽ കൂട്ടത്തല്ല് അരങ്ങേറുകയായിരുന്നു.
താരങ്ങളായ നഹുവൽ മൊളീന, ലിയാൻഡ്രോ പരേഡസ്, തിയാഗോ അൽമാഡ, സഹപരിശീലകൻ റോബർട്ടോ അയാള എന്നിവർ കയ്യേറ്റത്തിൽ പങ്കാളികളായതായാണ് റിപ്പോർട്ട്. അർജന്റീനൻ കോച്ച് ലിയോണൽ സ്കലോണി ഇടപെട്ട് രംഗം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപുറമെ, സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ അർജന്റീനൻ കളിക്കാർ നടത്തിയ അതിരുവിട്ട ആഘോഷപ്രകടനങ്ങളും അച്ചടക്ക സമിതിയുടെ അന്വേഷണപരിധിയിലുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് വിലക്കും അർജന്റീന ഫുട്ബാൾ അസോസിയേഷന് ഭാരമേറിയ പിഴയും നേരിടേണ്ടിവരും.
