മണിക്കൂറില് 15,000 ടിക്കറ്റുകൾ, നിരക്ക് 2500 രൂപ വരെ! അഡ്വാൻസ് ബുക്കിംഗിൽ തരംഗമായി ‘ജനനായകൻ’

തമിഴകത്തെ സൂപ്പർ താരത്തിന്റെ അവസാന ചിത്രമെന്ന സവിശേഷതയോടെ തിയേറ്ററുകളിലെത്തുന്ന ‘ജനനായകൻ’ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. പ്രഖ്യാപന ഘട്ടം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രം, മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാളെ പ്രദർശനത്തിനെത്തുന്നത്. തമിഴ്നാട്ടിലെ പ്രധാന ഉത്സവ സീസണായ പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കങ്ങളെ തുടർന്ന് ആറു മാസത്തോളം വൈകുകയായിരുന്നു.
എന്നാൽ, റിലീസ് നീണ്ടുപോയത് ആരാധകരുടെ ആവേശത്തെ ബാധിച്ചിട്ടില്ലെന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് 12 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. 6.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞപ്പോൾ 70 ശതമാനത്തിലേറെ തിയേറ്ററുകളും ഹൗസ്ഫുള്ളായി. ടിക്കറ്റ് ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഷോകൾ അനുവദിച്ചുവരികയാണ്.
സാക്നിൽകിന്റെ കണക്കുകൾ പ്രകാരം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ നിന്നായി ഇന്ത്യയിലൊട്ടാകെ ആദ്യദിന ബുക്കിംഗിൽ 15.48 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. ആഗോളതലത്തിൽ ചിത്രം ഇതുവരെ 30 കോടിയോളം രൂപ അഡ്വാൻസ് കളക്ഷൻ ഇനത്തിൽ സ്വന്തമാക്കിയതായാണ് വിവരം.
പ്രമുഖ ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ബുക്ക് മൈ ഷോ’യിൽ മണിക്കൂറിൽ പതിനഞ്ചായിരത്തിലേറെ ടിക്കറ്റുകളാണ് ഒരു ഘട്ടത്തിൽ വിറ്റഴിഞ്ഞത്. ബെംഗളൂരുവിൽ 100 രൂപ മുതൽ 2500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. മൾട്ടിപ്ലക്സുകളിലെ റിക്ലൈനർ സീറ്റുകൾക്കാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്.
അതിനിടെ, റിലീസ് വൈകിയ ഇടവേളയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചത് ടിക്കറ്റ് വിൽപ്പനയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് സിനിമാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിടവാങ്ങൽ ചിത്രം തിയേറ്ററുകളിൽ തന്നെ കണ്ടുതീർക്കുമെന്ന ഉറച്ച നിലപാടിലാണ് ആരാധകർ.
ആദ്യ ദിനം തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
