ഗാലെ ടെസ്റ്റിലെ മോശം പ്രകടനം; കുല്‍ദീപ് യാദവിന് പിന്തുണയുമായി ആര് അശ്വിന്, ഗില്ലിനെതിരെ വിമര്‍ശനം

ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ വിമർശനം നേരിടുന്ന റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ആർ. അശ്വിൻ. ഗാലെയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപിനെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ നായകൻ ശുഭ്മാൻ ഗില്ലും ടീം മാനേജ്മെന്റും പരാജയപ്പെട്ടതായി അശ്വിൻ ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരത്തിൽ 25 ഓവറുകൾ പന്തെറിഞ്ഞ കുൽദീപ് 103 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. എന്നാൽ, ഈ പ്രകടനത്തിൽ താരത്തെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് അശ്വിൻ വ്യക്തമാക്കുന്നു.
“താനും രവീന്ദ്ര ജഡേജയും കളിച്ചിരുന്ന കാലത്തും ഇപ്പോഴും ടീമിലെ മൂന്നാം സ്പിന്നർ മാത്രമാണ് കുൽദീപ്. പ്ലേയിങ് ഇലവനിൽ മൂന്നാമതായോ നാലാമതായോ ഉള്ള സ്പിന്നറായി ഇറങ്ങി താളം കണ്ടെത്തുക പ്രയാസകരമാണ്. കൂട്ടുകെട്ടുകൾ തകർക്കാൻ മാത്രം ഒരു ബൗളറെ ഉപയോഗിക്കുമ്പോൾ താളം കണ്ടെത്താൻ കഴിയില്ല. ലങ്കൻ സാഹചര്യങ്ങളിൽ 30 ഓവറുകൾക്ക് ശേഷം കുക്കബുറ പന്ത് പഴകുമ്പോൾ കുൽദീപിനെപ്പോലെയുള്ള ഒരു റിസ്റ്റ് സ്പിന്നർക്ക് പന്തെറിയുക എളുപ്പമല്ല. അത്തരം ഘട്ടങ്ങളിൽ പിച്ചിൽ വേഗത്തിൽ പന്തെറിയുന്ന ജഡേജയെപ്പോലുള്ളവരെയാണ് ഉപയോഗിക്കേണ്ടത്. കുൽദീപിനെക്കൊണ്ട് പന്തെറിയിക്കണമെങ്കിൽ അത് ആദ്യ 30 ഓവറുകൾക്കുള്ളിൽ തന്നെ ചെയ്യണമായിരുന്നു,” അശ്വിൻ പറഞ്ഞു.
കുൽദീപ് യാദവ് നായകൻ ശുഭ്മാൻ ഗില്ലിന്റെ മുൻഗണനാ പട്ടികയിലുള്ള ബൗളറല്ലെന്നാണ് തോന്നുന്നതെന്നും, താരത്തിന് മാനേജ്മെന്റിൽ നിന്ന് അർഹിച്ച പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാലത്തിന് ശേഷം കളത്തിലിറങ്ങിയ ഒരു താരത്തെ കൃത്യമായി ഉപയോഗിക്കാത്തത് മാനേജ്മെന്റിന്റെ വിശ്വാസക്കുറവാണ് കാണിക്കുന്നത്. എങ്കിലും കുൽദീപിന്റെ മികവിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.
