കോർപറേറ്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 45 -ാം വയസ്സിൽ നഴ്സിങ്ങ് പഠിച്ച് യുവതി

കോർപ്പറേറ്റ് ജോലിയിലെ കടുത്ത സമ്മർദ്ദവും അനിശ്ചിതത്വവും ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോൾ, 45-ാം വയസ്സിൽ നഴ്സിങ് പഠനത്തിലേക്ക് തിരിഞ്ഞ് മാതൃകയാവുകയാണ് ക്രിസ്റ്റി ലെയ്ഡൻ എന്ന യു.എസ് സ്വദേശിനി. ഇ-കോമേഴ്സ് ഭീമനായ പ്രമുഖ റീട്ടെയിൽ കമ്പനിയിലെ സീനിയർ മാനേജർ പദവിയിൽ നിന്നാണ് ക്രിസ്റ്റി തികച്ചും വ്യത്യസ്തമായൊരു കരിയറിലേക്ക് ചേക്കേറുന്നത്.
2025-ന്റെ തുടക്കത്തിലാണ് ക്രിസ്റ്റിയ്ക്ക് ജോലി നഷ്ടപ്പെടുന്നത്. പ്രൊഡക്റ്റ് മാനേജ്മെന്റ്, പ്രോജക്റ്റ് മാനേജ്മെന്റ് റോളുകളിലായി ഒരൊറ്റ വർഷത്തിനിടെ ഇരുനൂറിലധികം അപേക്ഷകൾ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. 250-ഓളം അപേക്ഷകളിൽ വെറും 25 എണ്ണത്തിൽ മാത്രമാണ് പ്രാഥമിക കടമ്പകൾ കടക്കാനായത്. മാസം വിറ്റുപോകുംതോറും കരിയറിലെ ഈ പ്രതിസന്ധി ആത്മവിശ്വാസത്തെത്തന്നെ ബാധിച്ചു. ഒടുവിൽ സാമ്പത്തികമായി പിടിച്ചുനിൽക്കാൻ മാതാപിതാക്കളുടെ സഹായം തേടേണ്ടിവന്നു. കൈവശമുണ്ടായിരുന്ന ആഭരണങ്ങളും ഹാൻഡ്ബാഗുകളും വിറ്റും സേവിങ്സ് തുക പിൻവലിച്ചുമാണ് ഇവർ കഠിനകാലം തള്ള നീക്കിയത്.
തുടർന്നാണ് കോർപ്പറേറ്റ് ലോകത്തോട് വിടപറഞ്ഞ് ആരോഗ്യമേഖലയിലേക്ക് ചുവടുവെക്കാൻ ക്രിസ്റ്റി തീരുമാനിക്കുന്നത്. ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ കടുത്ത തൊഴിൽ നഷ്ടവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഭീഷണിയും നിലനിൽക്കുമ്പോൾ ആരോഗ്യരംഗം കൂടുതൽ സുരക്ഷിതമാണെന്ന തിരിച്ചറിവാണ് ഇതിന് പ്രചോദനമായത്. യു.എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് 2024 മുതൽ 2034 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിലവസരങ്ങളിൽ അഞ്ച് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. നഴ്സ് അനസ്തെറ്റിസ്റ്റ്, ആസ്തെറ്റിക്സ് രംഗത്തെ നഴ്സ് ഇൻജക്ടർ എന്നീ മേഖലകളോട് ക്രിസ്റ്റിയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്.
നിലവിൽ ഓൺലൈൻ അക്സലറേറ്റഡ് നഴ്സിങ് പ്രോഗ്രാമിൽ ചേർന്ന് പഠിക്കുകയാണ് ഇവർ. രണ്ട് വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ വായ്പയെടുത്തും ചെറിയ ജോലികൾ ചെയ്തുമാണ് നിലവിൽ പഠനച്ചെലവുകൾ കണ്ടെത്തുന്നതെന്ന് ക്രിസ്റ്റി പറയുന്നു.
“എല്ലാം ആദ്യം മുതൽ തുടങ്ങുകയാണ്, പ്രായം തനിക്കൊരു തടസ്സമല്ല. വരുംകാല വെല്ലുവിളികൾ തരണം ചെയ്ത് റിട്ടയർമെന്റ് വരെ ഈ രംഗത്ത് തന്നെ തുടരാൻ കഴിയും” – ആത്മവിശ്വാസത്തോടെ ക്രിസ്റ്റി കൂട്ടിച്ചേർക്കുന്നു.
