‘ക്യാപ്റ്റൻസി നൽകിയാൽ വരാം’; ഹാർദിക്കിന്റെ ഉപാധി തള്ളി ഗുജറാത്ത് ടൈറ്റൻസ്, മുംബൈ വിടാനുള്ള നീക്കത്തിൽ വൻ ട്വിസ്റ്റ്

മുംബൈ: അടുത്ത ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ ചർച്ചകൾ പുരോഗമിക്കവേ, മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ പുതിയ നീക്കം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. പഴയ തട്ടകമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങിയെത്താൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചെങ്കിലും, ക്യാപ്റ്റൻസി വേണമെന്ന ഉപാധി വെച്ചതോടെ ട്രേഡിങ് നീക്കം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.
ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഗുജറാത്ത് മാനേജ്മെന്റിന് എതിർപ്പുണ്ടായിരുന്നില്ല. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായി അധികൃതർ വിഷയം സംസാരിക്കുകയും, ഹാർദിക്കിന്റെ തിരിച്ചുവരവിൽ തനിക്ക് എതിർപ്പില്ലെന്ന് ഗിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, തിരിച്ചെത്തണമെങ്കിൽ തനിക്ക് നായകസ്ഥാനം നൽകണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതാണ് തിരിച്ചടിയായത്. ഈ ഉപാധി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് ഫ്രാഞ്ചൈസി നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഹാർദിക് പാണ്ഡ്യ നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം പൂർണ്ണമായും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ൽ കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐ.പി.എൽ ചാമ്പ്യന്മാരാക്കാനും തൊട്ടടുത്ത വർഷം ഫൈനലിലെത്തിക്കാനും ഹാർദിക്കിനായിരുന്നു. തുടർന്ന് കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയ ഹാർദിക്കിന് രോഹിത് ശർമ്മയ്ക്ക് പകരം നായകസ്ഥാനം നൽകിയെങ്കിലും ആരാധകരിൽ നിന്നും ടീം അംഗങ്ങളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചിരുന്നില്ല.
മുംബൈയുടെ തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് ടീമിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയേറിയതോടെയാണ് ഹാർദിക് പുതിയ വഴി തേടുന്നത്. ഗുജറാത്തിന് പുറമെ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായും ട്രേഡിങ് ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
