കവിൻ-നയൻതാര ചിത്രം ‘ഹായ്’; റിലീസ് ഓഗസ്റ്റ് 28ന്

ചെന്നൈ: നയൻതാരയെ നായികയാക്കി വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ ഓഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തും. കവിൻ നായകനാകുന്ന ചിത്രം പൂർണമായും ഒരു റൊമാന്റിക് എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.
ജെൻ മാർട്ടിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജേഷ് ശുക്ല ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ബി. ശേഖറാണ് കലാസംവിധായകൻ. ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.
അതേസമയം, നയൻതാര നായികയാകുന്ന മറ്റൊരു ചിത്രമായ ‘മണ്ണാങ്കട്ടി സിൻസ് 1960’-ന്റെ ചിത്രീകരണം പൂർത്തിയായി. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗൗരി കിഷൻ, ദേവദർശനി, നരേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ലൊക്കേഷനിൽ നിന്ന് ക്യാമറ ലെൻസിലൂടെ നോക്കുന്ന നയൻതാരയുടെ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
യഷ് നായകനാകുന്ന ‘ടോക്സിക്’ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു പ്രധാന നയൻതാര ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഗംഗ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24-ന് തിയറ്ററുകളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദർശനത്തിനെത്തും. രാജീവ് രവിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിങ്ങും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
