അശോക് സെല്വൻ നായകനായി അൻപില് അവൻ. ചിത്രം പ്രഖ്യാപിച്ചു

അശോക് സെൽവൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അൻപിൽ അവൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രീതി മുകുന്ദനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
നവാഗതനായ ആർ. കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഗ്നേഷ് രാജ, അശോക് സെൽവൻ എന്നിവർക്കൊപ്പം ആർ. കാർത്തികേയനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ‘പോർ തൊഴിൽ’, ‘കര’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഗ്നേഷ് രാജയും അശ്മീര അടിയപ്പനുമാണ് അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നവദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സാബുമോൻ അബ്ദുസമദ്, കതിർബാലു, മഹാ ഡൽഹി ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനവും ഗാനരചനയും നിർവഹിക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും സെൽവ ആർ.കെ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: മണികണ്ഠൻ ശ്രീനിവാസൻ, ആക്ഷൻ കൊറിയോഗ്രഫി: പീറ്റർ ഹെയ്ൻ.
അശോക് സെൽവനും അഭിനയ സെൽവവും ഹാപ്പി ഹൈ പിക്ചേഴ്സിന്റെ ബാനറിലും, കെ. കരുണാമൂർത്തി അയ്യങ്കരൻ ഇന്റർനാഷണലിന്റെ ബാനറിലുമാണ് ചിത്രം നിർമിക്കുന്നത്.
