ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, പേര് മാറിപ്പോയതാണോ എന്നൊക്കെ ചിന്തിച്ചു; ഇന്ദ്രന്‍സ്

“അവാർഡ് വാങ്ങുന്നതിന് മുമ്പ് തന്നെ വിറച്ചിരുന്നു. സ്റ്റെപ്പൊക്കെ രണ്ടു കാലും ഒരുമിച്ച് വെച്ചാണ് കയറിയത്. നമ്മൾ ആഗ്രഹിക്കുമെങ്കിലും അവിടെ ചെന്നെത്താൻ സാധിക്കുമ്പോൾ സ്വപ്നം പോലെ അത് കുറെക്കാലം നിൽക്കും. അവർക്ക് വല്ല അബദ്ധം പറ്റിയതാണോ, പേര് മാറിപ്പോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു.”
— ഇന്ദ്രൻസ്
കൊച്ചി: പുരസ്കാര വേദിയിലെ അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. അവാർഡുകൾ സ്വീകരിക്കുമ്പോൾ തനിക്കുണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ചാണ് സിനിഗ്രാം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്. ദേശീയ പുരസ്കാരം വാങ്ങാൻ നേരത്ത് കൈ വിറച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വിദേശത്തെ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിയ അനുഭവവും താരം പങ്കുവെച്ചു. “സിംഗപ്പൂരിലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് വാങ്ങിയപ്പോഴും ചൈനയിൽ പോയപ്പോഴുമൊക്കെ നമ്മൾ വേറെ ആളാണ്, ഞാനല്ല അത്. സിംഗപ്പൂരിൽ പോകുമ്പോൾ അവിടെയുള്ളത് വലിയ സിനിമകളാണ്. ഡോക്ടറുടെ (സംവിധായകൻ ബിജുകുമാർ) കൂടെ നിൽക്കുകയാണ്, അദ്ദേഹത്തിന് അവിടെ വലിയ സ്വീകാര്യതയാണ്. അത്രയും രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്ന് നമ്മളാണ് മികച്ച നടനെന്ന് പ്രഖ്യാപിക്കുമ്പോൾ ചെവിയൊന്ന് തിരുമ്മി ഒന്നുകൂടി കേൾക്കും. എന്തോ ഒരു ദൈവാനുഗ്രഹം. ചേട്ടനാണ്, നമ്മുടെ സിനിമയ്ക്കാണ് അവാർഡെന്ന് അടുത്ത് നിൽക്കുന്നവർ പറഞ്ഞുതരികയായിരുന്നു” – ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിന് പ്രത്യേക പരാമർശം (Special Mention) ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം ശ്രദ്ധേയ നേട്ടം കൈവരിച്ചിരുന്നു.
‘അനന്തൻ കാട്’ ആണ് ഇന്ദ്രൻസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ‘കറുപ്പ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴിലും അദ്ദേഹം കയ്യടി നേടി. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.
