സ്വയം ചിന്തിച്ച് തുടങ്ങുന്ന എഐ; മറുവശത്ത് എഐ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു, യുഎസിൽ ശക്തമാകുന്ന പ്രതിഷേധം

സിനിമകളെ വെല്ലുന്ന ആശങ്കകൾക്ക് വിത്തുപാകി മനുഷ്യന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് സ്വന്തമായി ചിന്തിക്കാൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകളുടെ കടന്നുകയറ്റം. പ്രമുഖ എഐ കമ്പനിയായ ഓപ്പൺ എഐ (OpenAI) വികസിപ്പിച്ച പരീക്ഷണാത്മക എഐ മോഡൽ, ഗവേഷണശാലയുടെ അതിരുകൾ ലംഘിച്ച് മറ്റൊരു കമ്പനിയുടെ യഥാർത്ഥ പ്രൊഡക്ഷൻ സിസ്റ്റത്തിൽ ഹാക്ക് ചെയ്തു കയറിയതായി റിപ്പോർട്ട്. സങ്കീർണ്ണമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ എഐ ശ്രമിച്ചതായി കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ലാബിൽ നിന്ന് മാരക വൈറസ് പുറത്തുചാടുന്നതിന് സമാനമായാണ് സാങ്കേതിക വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്.
പ്രമുഖ ഡാറ്റാ പ്ലാറ്റ്ഫോമായ ‘ഹഗ്ഗിങ് ഫെയ്സി’ന്റെ (Hugging Face) സെർവറുകളിലാണ് ഓപ്പൺ എഐയുടെ ‘ഏജന്റുകൾ’ അനുമതിയില്ലാതെ പ്രവേശിച്ചത്. തുടക്കത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഓഫാക്കി നടത്തിയ പരീക്ഷണമാണെന്ന് വിശദീകരണമുണ്ടായെങ്കിലും, അധികൃതർക്ക് അറിവില്ലാതിരുന്ന സുരക്ഷാ പിഴവുകൾ (Security vulnerabilities) തിരിച്ചറിഞ്ഞ് എഐ സ്വയം പുറത്തുകടക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹഗ്ഗിങ് ഫെയ്സ് തങ്ങളുടെ സെർവറുകളിലെ ക്രമക്കേട് തിരിച്ചറിഞ്ഞ് ഓപ്പൺ എഐയെ അറിയിക്കുകയായിരുന്നു.
ഭയപ്പെടുത്തുന്ന ശേഷിയോ, അതോ ഗൂഢലക്ഷ്യമോ?
സംഭവം വൻ വിവാദമായതോടെ ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് നിരീക്ഷകർ ചോദ്യങ്ങളുയർത്തുന്നുണ്ട്. എഐയുടെ അപാരമായ കഴിവുകൾ കാണിച്ച് വിപണിയിൽ തരംഗമുണ്ടാക്കാനുള്ള വെറുമൊരു മാർക്കറ്റിംഗ് തന്ത്രമാണോ ഇത് അതോ സൈബർ സുരക്ഷാ ഭീഷണിയാണോ എന്നതാണ് പ്രധാന സംശയം.
ചൈനീസ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തടയിടാനുള്ള തന്ത്രമായും ഇതിനെ ചിലർ കാണുന്നു. ‘ദീപ്സേക്ക്’ (DeepSeek), അടുത്തിടെ അമേരിക്കൻ കമ്പനികളെപ്പോലും ഞെട്ടിച്ച ‘കിമി കെ3’ (Kimi K3) തുടങ്ങിയ ചൈനീസ് എഐ മോഡലുകൾ സാങ്കേതികരംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. എഐ മേഖലയിലെ തങ്ങളുടെ കുത്തക നിലനിർത്താനും, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ആഗോളതലത്തിൽ പുതിയ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള നീക്കമാണോ ഈ ‘ഹാക്കിങ് വിവാദം’ എന്നും സംശയിക്കപ്പെടുന്നു.
വില കൊടുക്കുന്നത് പ്രകൃതി; യു.എസിൽ ജനരോഷം ഇരമ്പുന്നു
ഒരുവശത്ത് സാങ്കേതികവിദ്യയുടെ അതിരുകടന്ന പോക്ക് ആശങ്ക സൃഷ്ടിക്കുമ്പോൾ, മറുവശത്ത് എഐ ഡാറ്റാ സെന്ററുകൾ വരുത്തിവെക്കുന്ന പാരിസ്ഥിതിക ആഘാതത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം പുകയുകയാണ്. ഭീമമായ അളവിലുള്ള ഊർജ്ജ-ജല ഉപഭോഗം, വിഷമാലിന്യങ്ങൾ, അപൂർവ്വ ധാതുക്കളുടെ അമിത ചൂഷണം എന്നിവ ഭൂമിയെ അതിവേഗം നാശത്തിലേക്ക് തള്ളിയിടുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്ന അമേരിക്കയിലെ ചെറിയ നഗരങ്ങളിൽ കുടിവെള്ളം പോലും ഉപയോഗശൂന്യമായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2030-ഓടെ ഇത്തരം പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. യു.എസിലെ 42-ഓളം സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പല പ്രദേശങ്ങളിലും പുതിയ ഡാറ്റാ സെന്റർ പദ്ധതികൾ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ആശങ്കകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് എഐ കമ്പനികളുടെ നിലപാട്.
