മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി വീണ്ടും കലിതുള്ളുന്നു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഒൻപതായി.
നേരത്തെ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ എട്ടു ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും അവധി നൽകിയത്.
കണ്ണൂരിൽ റെഡ് അലർട്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ അടിയന്തരമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കനത്ത മഴ സാധ്യത കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതബോധന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചു.
പരീക്ഷകളിൽ മാറ്റം
- പി.എസ്.സി പരീക്ഷകൾ: ഇന്നത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കും.
- എച്ച്.ഡി.സി പരീക്ഷകൾ: സംസ്ഥാന സഹകരണ യൂണിയൻ ഇന്ന് നടത്താനിരുന്ന എച്ച്.ഡി.സി ആൻഡ് ബി.എം (HDC & BM) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
