വിജയം തുടർന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ഏരീസ് കൊല്ലം സെയിലേഴ്സിനെ തോൽപിച്ചത് 21 റൺസിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ വിജെഡി (VJD) നിയമപ്രകാരം 21 റൺസിന് തോൽപിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (27 പന്തിൽ 58), അഖിൽ സ്കറിയ (43 പന്തിൽ 56), കൃഷ്ണദേവ് (16 പന്തിൽ 39) എന്നിവരുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മൂന്നാം പന്തിൽ തന്നെ വരുൺ നായനാരെ (0) നഷ്ടമായെങ്കിലും രോഹൻ വെറും 21 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച് കാലിക്കറ്റിന് തകർപ്പൻ തുടക്കം നൽകുകയായിരുന്നു. മധ്യനിരയിൽ അബ്ദുൾ ബാസിത് (11), സൽമാൻ നിസാർ (9) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഏഴാം വിക്കറ്റിൽ അഖിലും കൃഷ്ണദേവും ചേർന്ന് 32 പന്തിൽ അടിച്ചുകൂട്ടിയ 64 റൺസാണ് സ്കോർ 195-ൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിനായി ഓപ്പണർമാരായ അരുൺ പൗലോസും (37) അഭിഷേക് നായരും (11) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരും വീണതോടെ ടീം പതറി. വത്സൽ ഗോവിന്ദ് (14), ആനന്ദ് കൃഷ്ണൻ (21) എന്നിവരും പുറത്തായതോടെ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെ മഴയെത്തി. കളി തുടരാനാവാതെ വന്നതോടെ വിജെഡി നിയമപ്രകാരം കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാലിക്കറ്റിനായി അഖിൽ സത്താർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, രോഹൻ കുന്നുമ്മൽ പ്ലെയർ ഓഫ് ദി മാച്ചായി.
