തിരുവോണം മഴയിലാകാന് സാധ്യത ; ഇന്ന് മുതല്‍ ശക്തമായ മഴയെന്ന് സൂചന

തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷങ്ങൾ മഴയിലാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്നു മുതൽ ആഗസ്റ്റ് 27 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ മലയോര മേഖലകളിൽ കൂടുതൽ ശക്തമായേക്കുമെന്നും വിലയിരുത്തലുണ്ട്.
ഉത്രാടം, തിരുവോണം ദിനങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും തിരുവോണ നാളിൽ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്നാണ് പ്രവചനം. ഉത്രാട ദിനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ആഗസ്റ്റ് 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരദേശ മേഖലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളുടെ തീരങ്ങളിൽ ഇന്ന് ഉച്ചവരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കടലാക്രമണ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
