ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണം; സംവാദ പരിപാടിയിൽ ചോദ്യവുമായി ശശി തരൂർ എംപി

മുംബൈ: പുതിയ തലമുറയുടെ (ജെൻ സി) പ്രതീക്ഷകളും ശബ്ദവും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടോ എന്ന് പാർട്ടി സ്വയം പരിശോധിക്കണമെന്ന് ശശി തരൂർ എം.പി. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള തരൂരിന്റെ പരാമർശം.
നേപ്പാളിലെ സി.ജെ.പിക്ക് യുവാക്കളുടെ ശബ്ദമാകാൻ കഴിഞ്ഞപ്പോൾ ഇതേപോലെ അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ രാഹുൽ ഗാന്ധി ഏറ്റെടുത്തിട്ടുണ്ടെങ്കിലും സി.ജെ.പിയുടേതുപോലെ അത് ഫലപ്രദമായിട്ടില്ല. എന്തുകൊണ്ടാണ് പാർട്ടിക്ക് ഇതിന് കഴിയാതെ പോയതെന്ന് സ്വയം ചിന്തിക്കണം.
യുവാക്കളെ കേൾക്കാൻ തയാറായില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. തരൂരിന്റെ പ്രസ്താവന വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചേക്കും.
