പ്രതിരോധ രഹസ്യങ്ങൾ പാക് ഏജന്റിന് കൈമാറി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

പാകിസ്താൻ ഏജന്റിന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ. മെയ് 31-ന് പിടിയിലായ ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സൈനിക നീക്കങ്ങളും വിവിധ യൂണിറ്റുകളുടെ വിന്യാസവും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇയാൾ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീ മുഖേന ഹണിട്രാപ്പിൽ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
സൈനിക വിന്യാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും അടക്കം പങ്കുവെച്ച ഇയാൾ, സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തും രഹസ്യങ്ങൾ ചോർത്തിയതായി ആക്ഷേപമുണ്ട്.
വ്യോമസേനാ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഔദ്യോഗിക രഹസ്യനിയമം (Official Secrets Act) പ്രകാരമാണ് നടപടി. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വൻ ചാരശൃംഖല ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ഉദ്യോഗസ്ഥൻ കുറച്ചുനാളുകളായി വ്യോമസേനയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു.
