ചീവീടുകളുടെ ശബ്ദം കേട്ടത് നാല് മണിക്കൂർ; പിന്നാലെ 18 -കാരന് കേൾവിശക്തി നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി ഡോക്ടർമാർ

ബീജിങ്: പ്രകൃതിദത്തമായ ശബ്ദങ്ങൾ ചെവിക്ക് ഹാനികരമല്ലെന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിച്ച് ചൈനയിൽ നിന്നൊരു അപൂർവ സംഭവം. തുടർച്ചയായി മണിക്കൂറുകളോളം ചീവീടുകളുടെ ഉറക്കെയുള്ള ശബ്ദം കേട്ടതിനെ തുടർന്ന് 18-കാരന് താൽക്കാലികമായി കേൾവിശക്തി നഷ്ടപ്പെട്ടു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലാണ് സംഭവം.
ജൂലൈ ആദ്യവാരം കാട്ടിൽ ക്യാമ്പിങ്ങിനായി പോയ ‘യാങ്’ എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. ഉച്ചയോടെ കാടിനുള്ളിൽ ചീവീടുകൾ കൂട്ടത്തോടെ ഉണ്ടാക്കിയ അമിത ശബ്ദത്തിനിടയിൽ ഇയർ പ്ലഗ്ഗുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ യുവാവ് നാല് മണിക്കൂറോളം തുടരുകയായിരുന്നു. വൈകുന്നേരത്തോടെ ചെവിയിൽ വീക്കവും കഠിനമായ അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് പക്ഷികളുടെ കളകൂജനം, ഫോൺ റിങ് ടോൺ തുടങ്ങിയ ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ സാധിക്കാതെയായി.
ഉടൻ തന്നെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അമിത ശബ്ദം കാരണം കേൾവി തകരാറ് സംഭവിച്ചതാണെന്ന് കണ്ടെത്തിയത്. കൃത്യമായ ചികിത്സയ്ക്കും 14 ദിവസത്തെ പൂർണ്ണ വിശ്രമത്തിനും ശേഷമാണ് യുവാവിന് കേൾവിശക്തി തിരിച്ചുകിട്ടിയത്.
പ്രകൃതിദത്ത ശബ്ദങ്ങളും അപകടകാരി
വേനൽക്കാലത്ത് ചീവീടുകളുടെ ശബ്ദം കാരണം കേൾവി വൈകല്യം സംഭവിച്ച് നിരവധി രോഗികൾ എത്താറുണ്ടെന്ന് നിങ്ബോ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഇ.എൻ.ടി വിഭാഗം സീനിയർ ഡോക്ടർ ‘ലി ജി’ വ്യക്തമാക്കുന്നു.
ഒരു ചീവീട് പുറപ്പെടുവിക്കുന്ന ശബ്ദം ഏകദേശം 70 ഡെസിബെൽ ആണെങ്കിലും, കൂട്ടമായി കരയുമ്പോൾ ഇത് 85 ഡെസിബെല്ലിന് മുകളിലേക്ക് ഉയർന്നേക്കാം. ഇത് മനുഷ്യന്റെ കേൾവിശക്തിയെ ബാധിക്കുന്ന സുരക്ഷിത പരിധിക്ക് മുകളിലാണ്. അമിത ശബ്ദം തുടർച്ചയായി കേൾക്കുമ്പോൾ ചെവിക്കുള്ളിലെ കോക്ലിയയിലുള്ള ‘ഹെയർ സെല്ലുകളിൽ’ നീർക്കെട്ട് ഉണ്ടാകുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ വിശ്രമിക്കുമ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ പൂർവ്വസ്ഥിതിയിലാകും. എന്നാൽ ഈ കോശങ്ങൾ പൂർണ്ണമായി നശിച്ചുപോയാൽ പിന്നീട് പുനർജനിക്കില്ലെന്നും ഇത് സ്ഥിരമായ കേൾവി തകരാറിന് വഴിവെക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
