15 ലക്ഷം പാക്കേജിൽ ജോലിക്ക് കയറി, 50,000 രൂപ കൂട്ടിച്ചോദിച്ചു, പിന്നാലെ കമ്പനി ലാപ്ടോപ്പുമായി അപ്രത്യക്ഷയായി

ന്യൂഡൽഹി: പ്രതിവർഷം 15 ലക്ഷം രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരി കമ്പനി ലാപ്ടോപ്പുമായി മുങ്ങിയതായി പരാതി. വന്ഷീവ് ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതർപാലാണ് എക്സിലൂടെ (ട്വിറ്റർ) അപൂർവ്വമായ ഈ സംഭവം പങ്കുവെച്ചത്. ഒടുവിൽ ക്രിമിനൽ കേസ് നേരിടേണ്ടി വരുമെന്ന് കമ്പനി നോട്ടീസ് നൽകിയതോടെയാണ് യുവതി ലാപ്ടോപ്പ് ഓഫീസിൽ തിരികെ എത്തിച്ചത്.
ദിവ്യ എന്ന യുവതിയാണ് 15 ലക്ഷം രൂപ വാർഷിക പാക്കേജിൽ വന്ഷീവ് ടെക്നോളജീസിൽ ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർ ജോലിയിൽ പ്രവേശിക്കുന്നതിനായി കമ്പനി മൂന്നുമാസത്തെ നോട്ടീസ് പീരിയഡ് വരെ കാത്തിരുന്നു. എന്നാൽ ജോലിയിൽ ചേരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ പ്രതിമാസം 50,000 രൂപകൂടി ശമ്പളവർധനവ് വേണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. അവസാന നിമിഷം ആൾ പിന്മാറിയാലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കമ്പനി ഈ ആവശ്യവും അംഗീകരിച്ചു നൽകി.
തുടർന്ന് ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കി കമ്പനിയുടെ ഔദ്യോഗിക ലാപ്ടോപ്പും യുവതി കൈപ്പറ്റി. ഇതിനുപിന്നാലെ വ്യക്തിപരമായ ചില ആവശ്യങ്ങളുണ്ടെന്നും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കമ്പനി ഇതിനും അനുമതി നൽകിയെങ്കിലും തൊട്ടടുത്ത ദിവസം മുതൽ ഇവർ ഫോൺ കോളുകൾക്കോ ഇമെയിലുകൾക്കോ മറുപടി നൽകാതെ കാണാതാവുകയായിരുന്നു.
കമ്പനി അധികൃതർ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചതോടെ വ്യക്തിപരമായ കാരണങ്ങളാൽ ജോലിയിൽ തുടരാനാകില്ലെന്ന് മറുപടി നൽകി. ലാപ്ടോപ്പ് തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ‘വന്ന് എടുത്തോളൂ’ എന്ന രീതിയിലായിരുന്നു ഇവരുടെ പ്രതികരണമെന്നും സിഇഒ കുറിച്ചു.
തുടർന്ന് പ്രശ്നത്തിൽ സിഇഒ നേരിട്ട് ഇടപെടുകയും നിശ്ചിത സമയത്തിനകം ലാപ്ടോപ്പ് തിരികെ നൽകിയില്ലെങ്കിൽ കർശനമായ നിയമനടപടികളും ക്രിമിനൽ കേസും നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി ഇമെയിൽ അയക്കുകയുമായിരുന്നു. നിയമക്കുരുക്കിലാകുമെന്ന് ഉറപ്പായതോടെയാണ് യുവതി ലാപ്ടോപ്പ് ഓഫീസിൽ നേരിട്ടെത്തിച്ചത്. ഈ സംഭവത്തിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം പങ്കുവെച്ചാണ് തൊഴിൽ മേഖലയിലെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിനെതിരെ സിഇഒ രംഗത്തെത്തിയത്.
