സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ, രാഷ്ട്രപതിയിൽ നിന്ന് നിയമനപത്രം സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തെ, നിലവിലെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ സ്ഥാനപതിയായി പ്രഖ്യാപിച്ചത്. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും രാജ്യത്തെ വൻകിട ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ വരവ് ഏറെ ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനും ബിഹാർ സ്വദേശിയുമായ വിപുൽ നയതന്ത്ര രംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. കെയ്റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാഷ്ട്രീയം, വാണിജ്യം, വികസനം, അന്താരാഷ്ട്ര സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ/ജോയിന്റ് സെക്രട്ടറിയായും, 2017-2020 കാലയളവിൽ ദുബൈ കോൺസൽ ജനറലായും സേവനമനുഷ്ഠിച്ചു. തുടർന്ന് 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (ഗൾഫ്) പദവി വഹിച്ച ശേഷമാണ് 2023 ഓഗസ്റ്റിൽ ഖത്തർ അംബാസഡറാകുന്നത്. 1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഹൈദരാബാദ് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യ-സൗദി ബന്ധത്തിന് കൂടുതൽ കരുത്തുപകരും.
