ഓണം: മലയാളികൾക്ക് ആശ്വാസമായി റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് മലയാളി യാത്രക്കാർക്ക് ആശ്വാസവുമായി ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നൂറിലധികം പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്സവകാലത്ത് ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തീരുന്നതും യാത്രാക്ലേശം രൂക്ഷമാകുന്നതും കണക്കിലെടുത്താണ് റെയിൽവേയുടെ ഈ അടിയന്തര ഇടപെടൽ.
ചെന്നൈ – കൊല്ലം സ്പെഷൽ സർവീസുകൾ
ഓഗസ്റ്റ് 13 മുതൽ സെപ്തംബർ 6 വരെ ചെന്നൈ സെൻട്രൽ – കൊല്ലം റൂട്ടിൽ സർവീസുകൾ ഉണ്ടാകും.
- ട്രെയിൻ നമ്പർ 06117 (ചെന്നൈ സെൻട്രൽ – കൊല്ലം): ഓഗസ്റ്റ് 13 മുതൽ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 11.50-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം വൈകീട്ട് 04.20-ന് കൊല്ലത്തെത്തും.
- ട്രെയിൻ നമ്പർ 06118 (കൊല്ലം – ചെന്നൈ സെൻട്രൽ): ഓഗസ്റ്റ് 14 മുതൽ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈകീട്ട് 06.45-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.
റൂട്ട്: ജോളാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ഹുബ്ബള്ളി – കോട്ടയം സർവീസ് (ബെംഗളൂരു വഴി)
ഐ.ടി നഗരമായ ബെംഗളൂരുവിൽ നിന്നുള്ള മലയാളികളുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിക്കും കോട്ടയത്തിനും ഇടയിലും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
- ഹുബ്ബള്ളി – കോട്ടയം: ഓഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും.
- കോട്ടയം – ഹുബ്ബള്ളി: ഓഗസ്റ്റ് 26, 30 തീയതികളിൽ തിരികെ കോട്ടയത്തുനിന്നും സർവീസ് നടത്തും.
