മോദിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണമെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി; രാമരാജ്യം യാഥാർത്ഥ്യമായെന്നും നടൻ

ബോളിവുഡ് നടൻ സുദേഷ് ബേരിയുടെ വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിനും വ്യാപക ചർച്ചകൾക്കും വഴിവെക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി വിശേഷിപ്പിച്ച നടൻ, അവസരം ലഭിച്ചാൽ മോദിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്ത് ‘രാമരാജ്യം’ യാഥാർത്ഥ്യമായെന്നാണ് സുദേഷ് ബേരിയുടെ അവകാശവാദം. പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയ താരം, കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. സമരക്കാർ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്നും ചില വ്യവസായികളുടെ അജണ്ടയിലാണ് ഇവർ പ്രവർത്തിക്കുന്നതെന്നും നടൻ ആരോപിച്ചു.
“പ്രധാനമന്ത്രിയെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. എങ്കിലും ഈശ്വരനെ കാണാതെ ആരാധിക്കുന്നതുപോലെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നവരെ പിന്തുണയ്ക്കുന്നതിന് പകരം സമരം ചെയ്യുന്നവർ യഥാർത്ഥത്തിൽ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.” — സുദേഷ് ബേരി
പ്രതിഷേധക്കാർക്ക് വേണമെങ്കിൽ ‘കഴുതപ്പുലി പാർട്ടി’ എന്ന് പേരിട്ടുകൂടെയെന്ന് പരിഹസിച്ച ബേരി, സി.ജെ.പിയിൽ ചേരാൻ ക്ഷണിച്ച് തനിക്ക് ഫോൺ കോൾ വന്നിരുന്നുവെന്നും താനത് ബ്ലോക്ക് ചെയ്തെന്നും കൂട്ടിച്ചേർത്തു.
‘ബോർഡർ’ ഉൾപ്പെടെയുള്ള ജനപ്രിയ ബോളിവുഡ് സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ സുദേഷ് ബേരിയുടെ ഈ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അന്ധമായ വ്യക്തിപൂജയും ജനകീയ സമരങ്ങളെ അധിക്ഷേപിക്കുന്ന നിലപാടും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ നടനെതിരെ രംഗത്തെത്തി.
