സൂര്യയുടെ വിശ്വനാഥ് ആൻഡ് സണ്‍സ്, ഫൈനല്‍ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “വിശ്വനാഥ് ആൻഡ് സൺസ്” തിയറ്ററുകളിലെത്തി. റിലീസിന് മുന്നോടിയായി വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആഗോളതലത്തിൽ 13.6 കോടി രൂപയുടെ ഫൈനൽ പ്രീ സെയ്ൽ കളക്ഷൻ സ്വന്തമാക്കിയതായി സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്ന ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പ്രണയവും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്നാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന. ജി.വി. പ്രകാശ് കുമാർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ കേരളതല പ്രചാരണാർത്ഥം സൂര്യ അടുത്തിടെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
