സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത ; 8 ജില്ലകളിൽ കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ച (23/08/2026) രാവിലെ 8.30 വരെ തീരത്ത് 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) എന്നീ ജില്ലകളിലെ നിർദിഷ്ട തീരപ്രദേശങ്ങളിലാണ് കടലാക്രമണ ഭീതിയുള്ളത്. ഇതേതുടർന്ന് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.
