റെക്കോര്ഡ് എന്ന് മന്ത്രി; സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ലക്ഷ്യമിട്ട 5,93,408 കിറ്റുകളും സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. തിരുവോണത്തിന് നാലുദിവസം മുമ്പ് തന്നെ വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞത് റെക്കോർഡ് നേട്ടമാണ്.
ഇതിനു പുറമേ വിവിധ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും വിതരണം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസുകളിൽ (TSO) നിന്നുള്ള മൊത്തം ഡിമാൻഡ് 6,02,310 കിറ്റുകളായിരുന്നു. നിലവിൽ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിപണിയിൽ കർശന വിലനിയന്ത്രണം
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും സപ്ലൈകോ വഴി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കടകൾ, സപ്ലൈകോ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെ സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാൽ ഓണവിപണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ നൽകി 1,65,000 മെട്രിക് ടൺ അരി വിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. സപ്ലൈകോ ഓണം ഫെയറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിട്ടുള്ള ട്രേഡ് ഫെയറുകളും മറ്റ് യാത്രാസൗകര്യങ്ങളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
