വർഷങ്ങളോളം സഞ്ജയ് മഞ്ജരേക്കറോട് സംസാരിച്ചിട്ടില്ല; ജീവിതം മാറ്റിമറിച്ച വിമർശനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അശ്വിൻ

“ആദ്യ ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ആ ദീർഘമായ ലേഖനം വായിക്കുന്നത്. വലിയ അമർഷമാണ് തോന്നിയത്. അതിനുശേഷം വർഷങ്ങളോളം ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. എന്നാൽ സഹജമായ കായികക്ഷമത കുറഞ്ഞ വ്യക്തിയായതിനാൽ അടുത്ത നാല് വർഷം ഫിറ്റ്നസിലും ബൗളിങ്ങിലും കഠിനമായി ശ്രദ്ധ കേന്ദ്രീകരിച്ചു. 2015-ൽ ഞാൻ നന്നായി പന്തെറിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മറ്റൊരു ലേഖനമെഴുതി. തുടർന്ന് അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ച് ഞാൻ മെസ്സേജ് അയക്കുകയായിരുന്നു. അന്ന് നിങ്ങൾ എഴുതിയ ആ വിമർശനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് വ്യക്തമാക്കി. വിമർശനങ്ങളെ പോസിറ്റീവായി കാണാനാണ് താൻ എപ്പോഴും ശ്രമിക്കാറുള്ളത്.” – അശ്വിൻ പറഞ്ഞു.
മുംബൈ: മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ രൂക്ഷവിമർശനം തന്നിൽ വലിയ രോഷമുണ്ടാക്കിയെന്നും എന്നാൽ അത് തന്റെ ക്രിക്കറ്റ് കരിയറിലെ നിർണായക വഴിത്തിരിവാകുകയായിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ജിയോഹോറ്റ്സ്റ്റാറിലെ ‘ചീക്കി സിംഗിൾസ്’ എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്.
തന്റെ കന്നി ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെ, ബൗളിങ് ആക്ഷനിലെ സ്ഥിരതയില്ലായ്മയെയും മോശം ഫീൽഡിങ്ങിനെയും വിമർശിച്ച് മഞ്ജരേക്കർ എഴുതിയ ലേഖനമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് അശ്വിൻ പറഞ്ഞു.
2024-ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യയ്ക്കായി 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകൾ കൊയ്ത താരം, അനിൽ കുംബ്ലെയ്ക്ക് (619) പിന്നിലായി ടെസ്റ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് പടിയിറങ്ങിയത്.
