വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

കൊച്ചി: നീണ്ട ജോലിസമയം, ഓഫീസ് മേശയിലെ മാനസിക സമ്മർദം, അർധരാത്രിയിലെ പാക്കറ്റ് ആഹാരങ്ങൾ… നഗരങ്ങളിലെ കോർപറേറ്റ് ജീവനക്കാരുടെ ദിനചര്യകളിലെ ഈ മാറിയ ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നിശ്ശബ്ദമായി തകരാറിലാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷണങ്ങൾ പ്രകടമാകാതെ എത്തുന്ന ഇത്തരം വൃക്കരോഗങ്ങൾ പലപ്പോഴും ഗുരുതര ഘട്ടത്തിലാണ് തിരിച്ചറിയുന്നത്.
ജീവിതശൈലിയും വൃക്കകളുടെ പ്രവർത്തനവും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുന്നതിനപ്പുറം രക്തത്തിലെ വിഷാംശങ്ങൾ അരിച്ചെടുക്കുക, ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക, ഇലക്ട്രോലൈറ്റ് അളവ് ക്രമീകരിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി നിരവധി പ്രവൃത്തികളാണ് വൃക്കകൾ നിർവഹിക്കുന്നത്. അതിനാൽ തന്നെ ദിനചര്യയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും വൃക്കകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കും.
ഉപ്പിന്റെ അമിതോപയോഗവും വൈകിയുള്ള ഭക്ഷണവും രാത്രി വൈകി ജോലി ചെയ്യുന്നവർ വിശപ്പകറ്റാൻ പ്രധാനമായും ആശ്രയിക്കുന്നത് ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, പ്രൊസസ്സ് ചെയ്ത മാംസങ്ങൾ തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളെയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള സോഡിയം (ഉപ്പ്) ശരീരത്തിലെ രക്തസമ്മർദ്ദം വർധിപ്പിക്കുകയും വൃക്കകൾക്ക് അമിത ജോലിഭാരം ഉണ്ടാക്കുകയും ചെയ്യുന്നു.
വെള്ളത്തിന്റെ കുറവും ദീർഘനേരത്തെ ഇരിപ്പും ജോലിക്കിടയിലെ ക്ഷീണം മാറ്റാൻ പലരും കുടിക്കുന്ന ഉയർന്ന അളവിലുള്ള കാപ്പി, എനർജി ഡ്രിങ്കുകൾ, മധുരപാനീയങ്ങൾ എന്നിവ ശരീരത്തിൽ നിർജലീകരണത്തിന് കാരണമാകുന്നു. ഇത് വൃക്കയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കയിലെ കല്ലുകൾക്ക് വഴിതെളിക്കുകയും ചെയ്യും. ഒപ്പം, മണിക്കൂറുകളോളം ഒരേയിരിപ്പിൽ ജോലി ചെയ്യുന്നത് അമിതവണ്ണത്തിനും ഹൈപ്പർടെൻഷനും കാരണമാകുന്നു. ഇവ രണ്ടും വൃക്കസ്തംഭനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ലക്ഷണങ്ങളില്ലാതെ എത്തുന്ന വില്ലൻ വൃക്കരോഗങ്ങളുടെ ആദ്യഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടനമാകാറില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. മൂത്ര തടസ്സം അല്ലെങ്കിൽ അളവിലുള്ള വ്യത്യാസം, കാലുകളിലും ശരീരത്തിലും ഉണ്ടാകുന്ന വീക്കം, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെട്ടു തുടങ്ങുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനം സാരമായി തകരാറിലായിട്ടുണ്ടാകും.
ആരോഗ്യം സംരക്ഷിക്കാൻ ലളിതമായ വഴി പാക്കറ്റ്-പ്രൊസസ്സ്ഡ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കവും വ്യായാമവും ഉറപ്പാക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഒരു പരിധി വരെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
