`അക്രമകാരികളായ നായ്ക്കളെ കൊല്ലാം’ തെരുവ് നായ്ക്കളുടെ ദയാവധം ; മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് അക്രമകാരികളും രോഗബാധിതരുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും പ്രകോപനമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ആക്രമിക്കുന്നതുമായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന് 22/08/2026-ലെ ഉത്തരവ് (116/2026/LSGD) വ്യക്തമാക്കുന്നു.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും.
പ്രധാന മാനദണ്ഡങ്ങൾ:
- ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത നായ്ക്കൾ
- ഗുരുതരമായി പരുക്കേറ്റവ
- പേവിഷബാധയുള്ളതോ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ ആയവ
- തുടർച്ചയായി അക്രമസ്വഭാവം കാണിക്കുന്നവ
നടപടിക്രമങ്ങൾ:
നായ്ക്കളെ യന്ത്രങ്ങൾ ഉപയോഗിച്ചോ ക്രൂരമായ രീതിയിലോ കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നീ മരുന്നുകൾ കുത്തിവെച്ച് മാത്രമേ ദയാവധം നടപ്പാക്കാവൂ.
പിടികൂടുന്ന നായ്ക്കളെ ദയാവധത്തിന് മുൻപ് മൂന്ന് ദിവസം ഐസൊലേഷൻ സെല്ലിൽ സൂക്ഷിക്കണം. ഇവയെ ദത്തെടുക്കാൻ ആരെങ്കിലും തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കൂടാതെ, നായ്ക്കളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കാനും capture map തയ്യാറാക്കാനും നിർദ്ദേശമുണ്ട്.
