സൈബർ ആക്രമണം ചെറുത്ത് യുഎഇ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ ആക്രമണങ്ങൾ വിജയകരമായി ചെറുത്തുതോൽപ്പിച്ചതായി യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണശ്രമം ഉണ്ടായത്. എന്നാൽ സുരക്ഷാ ഏജൻസികളുടെ കൃത്യമായ ഇടപെടൽ കാരണം നിർണായക സംവിധാനങ്ങൾക്കോ അവശ്യ സേവനങ്ങൾക്കോ യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയ കൗൺസിൽ, സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി വരികയാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ സഞ്ചാരികൾക്ക് സൌജന്യ യു.എ.ഇ വിസ; അവധിക്കാല പാക്കേജുമായി അബുദാബി
അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ യു.എ.ഇ എൻട്രി വിസ ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ ലഭ്യമാകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 പേർക്കാണ് വിസ സൗജന്യമായി ലഭിക്കുക.
ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഇതിനായി അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രിയെങ്കിലും താമസവും ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും ബുക്ക് ചെയ്തിരിക്കണം. അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകൾ വഴിയോ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഓഫർ ലഭിക്കുകയെന്നും വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു. വിസയ്ക്കുള്ള തുക പൂർണ്ണമായും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് തന്നെയായിരിക്കും വഹിക്കുക.
