വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; ലോറി മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ബസ് ഡ്രൈവർ അഭിഷേകിനും സഹായി നഞ്ചട്ട സ്വാമിക്കും ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡ് വഴി വന്ന ദീർഘദൂര സർവീസ് ബസാണ് സിഎൻജി ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു ലോറിയും ബസും തമ്മിൽ ഇടിച്ചത്.
വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജി നിറച്ച 40 ഓളം സിലിണ്ടറുകൾ ലോറിയിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിലിണ്ടറുകളിൽ നിന്ന് വാതകം ഉഗ്രശബ്ദത്തോടെ പുറത്തേക്ക് വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. വാതകം പുറത്തേക്ക് വന്ന സമയത്താണ് ബസ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്.
വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാതകം സുരക്ഷിതമായി നിർവീര്യമാക്കി. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
