വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; സമരത്തിനു യുഎസ് ഫണ്ടിംഗ് ഉണ്ട്: മേജർ രവി

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തെ അനുകൂലിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന വിസ്മയ മോഹൻലാലിനെ ന്യായീകരിച്ച് സംവിധായകനും നടനുമായ മേജർ രവി. വിസ്മയയുടെ ഫേസ്ബുക്ക് പോസ്റ്റ് സി.ജെ.പിക്കുള്ള പിന്തുണയല്ലെന്നും രാഷ്ട്രീയപരമായ അറിവില്ലായ്മ മൂലം വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യഥാർത്ഥ വിവരമില്ലാത്തവരാണ് പ്രതിഷേധിക്കുന്നതെന്ന് മേജർ രവി ആരോപിച്ചു. സമരത്തിൽ വിദ്യാർത്ഥികളേക്കാൾ ഉപരി മറ്റ് താല്പര്യങ്ങളുള്ളവരാണ് സജീവമായിട്ടുള്ളത്. പൊലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ചെയ്താൽ സ്വാഭാവികമായും പൊലീസ് നടപടിയുണ്ടാകുമെന്നും അതിൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിൽ നിന്ന് മികച്ച ശിക്ഷണം ലഭിച്ച കുട്ടികളാരും ഇത്തരത്തിലുള്ള സമരങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീറ്റിന്റെയോ സി.ബി.എസ്.ഇയുടെയോ പൂർണ്ണരൂപം പോലും അറിയാത്തവരാണ് മുദ്രാവാക്യം വിളിക്കുന്നത്. സമരവേദിയിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ രാഷ്ട്രീയ അജണ്ട വ്യക്തമാകും. പരീക്ഷാ വിവാദങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധത്തേക്കാൾ കേന്ദ്രസർക്കാറിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ് അവിടെ കേൾക്കുന്നത്. ചോദ്യപേപ്പർ ചോർച്ച മുൻകാലങ്ങളിലും നടന്നിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിന് പിന്നിൽ വിദേശ ഫണ്ടിംഗ് ഉണ്ടെന്ന ഗുരുതര ആരോപണവും മേജർ രവി ഉന്നയിച്ചു. ജോർജ് സോറോസിനെപ്പോലുള്ളവരുടെ സാമ്പത്തിക സഹായവും വിദേശ ശക്തികളുടെ ഗൂഢാലോചനയുമാണ് ഇതിന് പിന്നിലുള്ളതെന്നും, യു.എസിൽ നിന്നാണ് ഇതിന്റെ തുടക്കമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ഭദ്രതയെ ബാധിക്കുന്ന കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിസ്മയയുടെ പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മകളുടെ രാഷ്ട്രീയ നിലപാടുകളിൽ മോഹൻലാൽ ഇടപെടണമെന്നും രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് രാജ്യം ആദരിച്ച ഒരു വ്യക്തിയുടെ മകൾ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ശരിയാണോ എന്നും കമന്റുകളിൽ ചോദ്യമുയരുന്നുണ്ട്. അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും കേരളത്തിലെ പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് വിസ്മയ ബോധവതിയാണോ എന്നും വിമർശകർ ചോദിക്കുന്നു.
