ശിക്ഷ’യായി ഇറാനില്‍ വ്യോമാക്രമണം ,ജോര്‍ദാനില്‍ യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍/ടെഹ്റാന്: ഇറാന്റ ആക്രമണത്തില്‍ ജോര്‍ദാനില്‍ രണ്ട് യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇറാനുമേല്‍ യു.എസ്. വ്യോമാക്രമണം. ശനിയാഴ്ചയാണു യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടത്.
നാല് സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സൈനികരുടെ മരണത്തിന് കാരണക്കാരായ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന് ഉടന്‍ ശിക്ഷ നല്‍കുന്നതിനായി ഇന്നലെ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതായി യു.എസ്. സൈന്യം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സിരിക്കിനു സമീപവും തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഹാജിയാബാദിന് സമീപമുള്ള പ്രദേശവും ആക്രമിക്കപ്പെട്ടു. ഇതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രുക്ഷമായി.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ യു.എസ്. പുറത്തുവിട്ടിട്ടില്ല. അതിനിടെ, അമേരിക്കയുമായുള്ള ഇടക്കാല കരാറിലെ തങ്ങളുടെ വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇറാന്റെ ചര്‍ച്ചാ പ്രതിനിധി അറിയിച്ചു. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണിത്.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ ജലപാതയിലൂടെയായിരുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 16 യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്്. 430 പേര്‍ക്ക് പരുക്കേറ്റു.
അയല്‍രാജ്യമായ ഇറാഖില്‍, ഇര്ബിലിന് സമീപം ഇറാനിയന്‍ കുര്‍ദിഷ് വിമത ഗ്രൂപ്പായ കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടിയുടെ താവളത്തിന് നേരെ ഞായറാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ എട്ട് അംഗങ്ങള്‍ക്ക് പരിക്കേറ്റു. യു.എസ്. സൈന്യത്തിന്റെ സാന്നിധ്യവും ഇവിടെയുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഇറാനും ഇറാന്റെ പിന്തുണയുള്ള ഇറാഖി ഗ്രൂപ്പുകളും നേരത്തെ ഇവിടെ ആക്രമണം നടത്തിയിട്ടുണ്ട്.
