ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ലോറിയിൽ നിന്ന് മാർബിൾ ഷീറ്റുകൾ ഇറക്കുന്നതിനിടെയുണ്ടായ ദാരുണ അപകടത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിനാണ് (34) ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11.30ഓടെ കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിലാണ് അപകടം നടന്നത്. പ്രദേശത്ത് പുതുതായി നിർമിക്കുന്ന വീടിനായി ലോറിയിൽ എത്തിച്ച മാർബിൾ ഷീറ്റുകൾ അൺലോഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഭാരമേറിയ ഷീറ്റുകൾ ഇവരുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷെറിൻ ലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഷിബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
